Monday, January 21, 2019

"അമ്മമാരുടെ പൊടിക്കൈ വിദ്യകൾ"  (Alex)

പണ്ടുകാലത്ത്  വീടുസാധനങ്ങളൊക്കെ തീർന്നുകഴിഞ്ഞാൽ പിന്നെ അതാതു സമയങ്ങളിൽ വാങ്ങുവാൻ കഴിയാറില്ല. പോയി വാങ്ങുവാനുള്ള ബുദ്ധിമുട്ട് , ദൂരക്കൂടുതൽ, ചിലപ്പോൾ മറവി അല്ലെങ്കിൽ പണത്തിന്റെ അപര്യാപ്തത ഇതൊക്കെ കാരണമാവാം. അന്ന് ഇന്നത്തെപോലെ പലചരക്ക് വ്യാപരങ്ങളൊന്നും മുക്കിലും മൂലയിലുമായി പടര്ന്നു പന്തലിച്ചിട്ടുമില്ല. അന്ന് മൊബൈൽ ഫോണും ഇല്ല. എല്ലാവരും എടുത്തു പെരുമാറുന്നതുകൊണ്ട് വീടുകളിൽ അതിവേഗം കാലിയാകുന്ന ഒരു സാധനമാണല്ലോ പഞ്ചാസാര. ഇത് ഇല്ലാതെ വന്നാൽ അകെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് മധുരമിട്ട ഒരു കട്ടൻകാപ്പി ഇല്ലാത്ത പ്രഭാതം ചിന്തിയ്ക്കാൻ കൂടി വയ്യ. കാപ്പിയ്ക്കു പഞ്ചസാര ഇല്ല  എന്ന വാർത്ത കേട്ടാൽ ഒരുതരം വിഭ്രാന്തി ആണ് .  ഒന്ന്   അനങ്ങാണെമെങ്കില് കട്ടൻ കാപ്പി വേണം എന്ന അവസ്ഥ!  പക്ഷെ പഞ്ചസാര പാത്രം  കാലി  ആണെങ്കിൽ എന്ത് ചെയ്യും? .  അതിരാവിലെ ഞെട്ടലോടെ മാത്രമേ ആ വാർത്ത കേൾക്കാൻ പറ്റൂ . പക്ഷെ പ്രതീക്ഷയ്ക്കു വകയുണ്ട് ! ചില അമ്മമാർ പഞ്ചാസാര വീട്ടിൽ എത്തുമ്പോഴേ ആരും കാണാതെ അതിൽ കുറച്ചു എടുത്തു മാറ്റി വച്ചിരിയ്ക്കും. അത്യാവശ്യ സന്ദർഭങ്ങളിൽ എടുത്തു ഉപയോഗിയ്ക്കാൻ. കാലത്ത് "പഞ്ചസാര തീർന്നു" എന്ന വാർത്ത കേട്ട് ഞെട്ടലോടെ പുറത്തേയ്ക്ക് നോക്കി വായും പൊളിച്ചു ഇരിയ്ക്കുബോൾ ആയിരിയ്ക്കും  പുഞ്ചിരിയോടെ കയ്യിൽ പഞ്ചസാരയുമായി അമ്മയുടെ വരവ് . ഹോ! അപ്പോഴത്തെ ആ കാപ്പിയ്ക്ക് ഇരട്ടി മധുരമാണ്. പക്ഷെ അവർ അത്ര പെട്ടെന്ന് ഒന്നും ഈ വിദ്യ പുറത്തെടുക്കില്ല . നമ്മളെ ആകാംഷയുടെ മുൾമുനയിൽ എത്തിച്ചു  വാങ്ങി വരാഞ്ഞതിനു  വഴക്കും പറഞ്ഞതിന് ശേഷം മാത്രം.  ഒരു വീട്ടിൽ ഇരുന്നു കൊണ്ട് അവര്ക്ക് ഇതൊക്കെയല്ലേ ചെയ്യാൻ പറ്റൂ.
  ജോസെഫേട്ടാ "ണ്ട " 

പ്രിന്റിംഗ് ടെക്നോളോജി ഇത്രയും ഒക്കെ വികസിയ്ക്കുന്നതിനു മുൻപ്, പണ്ട് ഓരോ അക്ഷരങ്ങളുടെയും അച്ചുകൾ നിരത്തി പൂർണ്ണമായും കൈകാലുകൾ കൊണ്ട് പ്രവർത്തിപ്പിച്ചിരുന്ന പ്രസ്‌. മറന്നിട്ടുണ്ടോ എല്ലാവരും? അങ്ങനെ ഒരു അച്ചുകൂടം ഞങ്ങൾക്കുമുണ്ടായിരുന്നു. അങ്ങനെ അക്ഷരങ്ങളുമായുള്ള എന്റെ ചങ്ങാത്തം ബാല്യത്തിലെ തുടങ്ങി. കമ്പ്യൂട്ടറും ഡി ടി പി പ്രിന്റിങ്ങും ഒക്കെ ഇപ്പോൾ വീടുകളിൽതന്നെ സ്ഥാനം പിടിയ്ക്കുമ്പോൾ ആ പഴയകാല ഓർമ്മകൾ പലപ്പോഴും വളരെ രസകരമാവുന്നു . അതിൽ നിന്നും ഒരു സംഭവം എന്റെ കൂട്ടുകരോടായി പറഞ്ഞു കൊള്ളട്ടെ. അന്ന് അത് രസകരമല്ല കെട്ടോ, ഒരു സാധാരണ സംഭവം മാത്രം. ഒരിയ്ക്കൽ ഒരാൾ സ്വന്തമായി എഴുതിയ കുറെ ഭക്തിഗാനങ്ങളുമായി എത്തി. കവി?യുടെ പേര് സൂചിപ്പിയ്ക്കുന്നില്ല . കവിതാ വിഷയം വിശ്വകർമ്മാവിനോടുള്ള ഭക്തി. അവരുടെ സംഘടനയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു ഈ കവിത പുസ്തക രൂപത്തിൽ അച്ചടിച്ച്‌ വിതരണം ചെയ്യണം. അത്യാവശ്യമാണ് ഉടൻ അച്ചടിച്ചുകൊടുക്കുകയും വേണം. കക്ഷി അല്പ്പം മദ്യപിച്ചിട്ടുണ്ട്‌ എന്ന് തോന്നുന്നു മാത്രമല്ല, ചുവന്ന കണ്ണുകളും കൊമ്പൻ മീശയുമുള്ള കവിയോടു പറ്റില്ല എന്ന് പറയാൻ മടി. സംഗതി ഏറ്റെടുത്തു. അങ്ങനെ ജോലി തുടങ്ങി അക്ഷരങ്ങൾ നിരത്തി വന്നപ്പോഴാണ് മനസ്സിലാവുന്നത് "ണ്ട" എന്ന അക്ഷരം ആവശ്യത്തിനു തികയുന്നില്ല. കാരണം ഭക്തിയാണ് പ്രമേയം എന്നുള്ളതുകൊണ്ട് കവിതയിലുടനീളം " കണ്ടു, കണ്ടുകൊണ്ട്‌ " ഇങ്ങനെയൊക്കെയുള്ള വാക്കുകൾ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. "ണ്ട" യ്ക്ക് പകരം "ണ" യും "s" യും ചേര്ത്തു അഭംഗി യാക്കാൻ പറ്റില്ല. അത് തെറ്റുമാണ്. പുതിയ അച്ചുകൾ അന്ന് കേരളത്തിൽ ഷൊർന്നൂർ എന്നാ സ്ഥലത്ത് മാത്രമാണ് കിട്ടുക. അതും ഓർഡർ ചെയ്തു ഒരു മാസത്തിനു ശേഷം സെറ്റ് ആയി വാങ്ങണം. അപ്പോൾ അടുത്ത പോംവഴി എന്ന് പറയുന്നത് അടുത്ത പ്രസ്സുകളിൽ നിന്നും "ണ്ട" തൽക്കാലം വാങ്ങുക എന്നതാണ്. അന്ന് തിരഞ്ഞെടുപ്പ് വോട്ടേഴ്സ് ലിസ്റ്റ് അച്ചടിയ്ക്കുന്ന സമയമായതുകൊണ്ട്‌ പ്രസ്സുകളിലോക്കെ നല്ല തിരക്കാണ്. അതായതു "ണ്ട" എല്ലാം ഉപയോഗത്തിലാണ് എന്നർത്ഥം. മൊത്തം നാല്പ്പത് "ണ്ട" എങ്കിലും വേണം. എല്ലായിടത്തും പോയി അന്വേഷിച്ചു വാങ്ങി വരം എന്ന് വിചാരിച്ചു "ണ്ട" യ്ക്ക് വേണ്ടി അന്ന് സന്ധ്യ യ്ക്കുതന്നെ ഞാൻ വണ്ടി കയറി. അടുത്തുള്ള പ്രസ്‌ എരുമേലിയിലാണ്. അവിടെനിന്നും അകെ കിട്ടിയത് പത്ത് "ണ്ട". അതും രാവിലെ തിരികെ കൊടുക്കണം. നേരെ വിട്ടു കഞ്ഞിരപ്പള്ളിയ്ക്ക് , അവിടെ എല്ലായിടത്തുനിന്നുമായി "ഇരുപതെണ്ണം ". പത്തെണ്ണം അപ്പോഴും കുറവ്. സമയം രാത്രി പത്തു മണി, നല്ല മഴയുമുണ്ട്, തിരികെ പോകാൻ റിക്ഷയെ ആശ്രയിക്കേണ്ടി വരും. പൊന്കുന്നത്ത് പരിചയമുള്ള ഒരു പ്രസ്‌ ഉണ്ട് . അവിടെ ചോദിയ്ക്കാമെന്നു വിചാരിച്ചു കിട്ടിയ മുപ്പതു "ണ്ട" യും പോക്കറ്റിലിട്ടു ഞാൻ അങ്ങോട്ട്‌ വിട്ടു. നട്ടപ്പാതിരയ്ക്ക് അഞ്ജലി പ്രസ്‌ ഉടമ ജോസഫേട്ടനെ വിളിച്ചുണർത്തി. അങ്ങേരു കണ്ണ് തിരുമി തുറക്കുന്നതിനു മുൻപ് ജോസെഫേട്ടാ "ണ്ട " ഉണ്ടാകുമോ ഒരു പത്തെണ്ണം?. പക്ഷെ രക്ഷയില്ല, കിട്ടില്ല. അവിടെ തിരക്കിട്ട ജോലിയാണ്. എല്ലാം ഉപയോഗത്തിലാണ്. കിട്ടിയ "ണ്ട" യുമായി തിരികെ എത്തി, വെളുപ്പിന് കവിയെ വിളിച്ചുണർത്തി കാര്യങ്ങൾ വിശദമായി പറഞ്ഞു. സംഗതി പ്രശ്നത്തിലാണ്. അടിയന്തിരമായി എന്തെങ്കിലും ചെയ്യണം. അങ്ങനെ നിമിഷകവി ഉടൻ തന്നെ "ണ്ട" ഇല്ലാത്ത വാക്കുകൾ ഉപയോഗിച്ച് കവിതയിൽ ചില മാറ്റങ്ങൾ വരുത്തി. അതൊക്കെ മലയാള ഭാഷ ആയിരുന്നുവോ എന്ന് എനിക്ക് സംശയം ഉണ്ട് . അങ്ങനെ അച്ചടിച്ച്‌ അടുത്തദിവസം ഉചയ്ക്കുമുൻപുതന്നെ കൊടുക്കുകയും ചെയ്തു. ഇപ്പോഴത്തെ സാങ്കേതിക മികവും ഇതുപോലെയുള്ള ചില സംഭവങ്ങളും ഓർത്തു ഞാൻ ചിരിയൂറാറുണ്ട്.

Friday, December 12, 2008

ഈശോയും പത്രോസും ഹോട്ടല്‍ ദൈവസഹായവും (ഒരു സംഭവ കഥ)

ഗ്രാമീണതകളുടെ മനോഹാരിതകള്‍ക്ക് മേലെ പണക്കൊഴുപ്പുമായി റബ്ബര്‍ മരങ്ങള്‍ ചാമരം വീശി നില്ക്കുന്ന കോട്ടയം ജില്ലയിലെ കിഴക്കന്‍ മലയോര പ്രദേശമായ മുക്കൂട്ടുതറ എന്ന ചെറിയ ഗ്രാമം.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് നിരവധി 'ഉണക്കമീന്‍' വ്യാപാര കേന്ദ്രങ്ങള്‍ അടച്ചുപൂട്ടല്‍
ഭീഷണിയിലാണെന്നാണ് കേള്‍വി!.
തോര്‍ത്തും കൈലിമുണ്ടും മാത്രം ധരിച്ച് അര്‍ദ്ധനഗ്നരായി നടക്കുന്ന
ഒരുപാടു വൃദ്ധന്മാര്‍! . യാചകരാണെന്ന് തെറ്റിധരിയ്ക്കരുത്‌ ! ഇവര്‍ ഡെപ്പോസിറ്റ് പിന്‍വലിച്ചാല്‍ നിരവധി ബാങ്കുകള്‍ പ്രതിസന്ധിയിലായേക്കാം!.
ജംഗ്ഷനോട് ചേര്‍ന്ന്
ഏകദേശം അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലായി കിടക്കുന്ന പാലാമ്പടം വക റബ്ബര്‍ എസ്റ്റേറ്റ്‌ . ഈ കഥയിലെ പ്രധാന കഥാപാത്രവും ഈ എസ്റ്റേറ്റ്‌ തൊഴിലാളിതന്നെ . ഈശോ തോമസ് എന്ന "ഈശോ" . സംഭവം നടക്കുന്നത് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്പ് .
മികച്ച പാരമ്പര്യമുള്ള മുക്കൂട്ടുതറയിലെ ഒരു പ്രധാന ഹോട്ടലാണ്
"ഹോട്ടല്‍ ദൈവസഹായം" .നാട്ടിന്‍പുറത്തെ എല്ലാ സമാനതകളുമുള്ള ഒരു ഹോട്ടല്‍ .
അലമാരയില്‍ പുട്ടിന്റെ തേങ്ങ ഉള്ള ഭാഗം കണ്ണാടിയോട് ചേര്‍ത്ത് വച്ചിരിക്കുന്നത് ആള്‍ക്കാരെ ആകര്‍ഷിപ്പിക്കുവാനല്ലകെട്ടോ!
കാരണം ആഹാരസാധനങ്ങള്‍ അലമാരയില്‍ ഭംഗിയായി അടുക്കിസൂക്ഷിക്കുവാന്‍ ഒരു പ്രത്യേക കലയുളളവരാണ് ഇവര്‍ . മുന്‍പെന്നോ കടം പറ്റി കബളിപ്പിച്ചവരുടെ പേരുകള്‍ ''കട പറ്റ് '' തരാനുള്ളവര്‍ എന്ന തലക്കെട്ടിനടിയില്‍ പ്രസിദ്ധപ്പെടുത്തി എന്ന കേട്ടുകേള്‍വി ഉള്ളതിനാല്‍ നാണക്കേട് ഭയന്ന്‍ ആരും സാധാരണയായി ഇവിടെ കടം പറയാറില്ല!. ഹോട്ടലിനോട് ചേര്‍ന്ന് ഒരു "പൊയ്കതോട് " , ഇവിടെ നിന്നും ഒരു ചെറിയ തടിപ്പാലം കടന്ന് റോഡിലേയ്ക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ പിന്നെ പത്തനംതിട്ട ജില്ല. ഹോട്ടലിന് എതിര്‍വശത്തായി ഒരു വലിയ ബോര്‍ഡും കാണാം, "കള്ള് " . വ്യാജ മദ്യം നിര്‍മ്മിക്കുവാന്‍ രസതന്ത്രതില്‍ ബിരുദവും ബിരുദാനന്തരബിരുദവും ഉള്ള കുറെ ശാസ്ത്രജ്ഞന്മാരും ഒരു വലിയ ലബോറട്ടറിയും ഉള്‍പ്പെടുന്ന ഈ ഷാപ്പ് കുടിയന്മാരുടെ പറുദീസയായിരുന്നു. നമ്മുടെ നായക കഥാപാത്രമായ ഈശോയും അന്ന്‍ സാമാന്യം നന്നായി മദ്യപിക്കുന്ന കൂട്ടത്തിലാണ് . നാട്ടിലെ ഒരുപാടു നല്ല ചങ്ങാതിമാരുടെ പ്രിയപ്പെട്ട ഈശോയ്ക്കു ആകെയുള്ള ഒരു പോരായ്മയായിരുന്നു ഈ മദ്യപാനം .
ഒരു ദിവസം പതിവുപോലെ ഈശോ ഷാപ്പില്‍ നിന്നും കുറെ അന്തിയൊക്കെ മോന്തി നിറഞ്ഞ മനസ്സുമായി പോകുന്ന വഴി ഹോട്ടല്‍ ദൈവസഹായത്തില്‍ കയറി കുറെ അക്ഷരശ്ലോകവും ചൊല്ലി തിരികെ റോഡില്‍ പ്രവേശിക്കുമ്പോഴാണ് എസ്. ഐ. പത്രോസും സംഘവും അതുവഴി കടന്നുവരുന്നത്‌ . മുക്കൂട്ടുതറ എരുമേലി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെടുന്ന പ്രദേശമാണ് . നമ്മുടെ പഴയ പോലീസ് സങ്കല്‍പ്പങ്ങളിലെ കൊമ്പന്മീശയും വസൂരിക്കുത്തും പൊണ്ണത്തടിയും ഉള്ള കുറെ പോലീസുകാരും ഉള്ള സ്റ്റേഷന്‍ . തന്റെ സ്റ്റേഷന്‍ അതിര്‍ത്തിയിലേക്ക് ''ഇനിമ" വച്ച മാതിരി മുഖവുമായി ( ചില റിയാലിറ്റി ''ഷോ " കളിലെപോലെ '') മെല്ലെ 'നൃത്തചുവടുകളുമായി' കടന്നു വരുന്ന ഈശോ യുടെ അരികിലായി പത്രോസ് വണ്ടി നിര്‍ത്തി എന്തോ ചോദിയ്ക്കുകയും ഉത്തരം കേട്ട പത്രോസ് ഈശോയെ തൂക്കിയെടുത്തു വണ്ടിയിലോട്ടു ഇടുകയാണുമുണ്ടായത്.
ചോദ്യവും ഉത്തരവും ഇപ്രകാരമായിരുന്നു.
പത്രോസ്- നീ എവിടെപ്പോയതാണ് ?
ഈശോ - ഞാന്‍ " ദൈവത്തില്‍ " പോയതാണ്
( പത്രോസ് നന്നായി ഒന്നു ഞെട്ടി!)
പത്രോസ്- നിന്റെ പേര്‍ എന്താണ്?
ഉത്തരം- ''ഈശോ''
(ഈശോയുടെ ശിഷ്യനാണല്ലോ പത്രോസ്! - എവിടെപ്പോയി എന്നുള്ള ചോദ്യത്തിന് "ദൈവത്തില്‍" എന്നുള്ള ഉത്തരവും. അതുകൊണ്ട് രണ്ട് ഉത്തരവും തന്നെ കളിയാക്കുവാന്‍ മനപ്പൂര്‍വ്വം പറഞ്ഞതാണെന്ന് പത്രോസ് തെറ്റിദ്ധരിയ്ക്കുകയായിരുന്നു.)
സംഭവമറിഞ്ഞ് പിന്നാലെ പാഞ്ഞ ചങ്ങാതിമാര്‍ ഈശോ പറഞ്ഞ കാര്യങ്ങള്‍ എല്ലാം സത്യമാണെന്ന്‌ വിശദീകരിച്ചപ്പോഴാണ് തനിക്ക് അമളിയാണ്‌ പറ്റിയതെന്നു പത്രോസിനു മനസ്സിലാകുന്നത്‌ . ഉടന്‍ തന്നെ ഈശോയെ വിട്ടയയ്ക്കുകയും ചെയ്തു .
പത്രോസ് സാര്‍ ഇപ്പോള്‍ സര്‍വ്വീസ്സില്‍നിന്നൊക്കെ വിരമിച്ചു ഒരു പക്ഷെ വിശ്രമ ജീവിതത്തിലായിരിക്കാം . എന്നാല്‍ ഈശോ ഇപ്പോള്‍ മദ്യം എന്ന് കേട്ടാല്‍തന്നെ മുഖം തിരിച്ചുകളയുകയും ചങ്കുറപ്പോടെ അദ്ധ്വാനിച്ച് കുടുംബം പോറ്റുന്ന വ്യക്തിയും ആണ് എന്ന് കൂടി പറഞ്ഞുകൊള്ളട്ടെ! ഹോട്ടല്‍ ദൈവസഹായവും "ഷാപ്പും'' മികച്ച സേവനപാരമ്പര്യവുമായി ഇപ്പോഴും നില കൊള്ളുന്നു.